കുര്യന് കാക്ക പറഞ്ഞ കഥകള്‍ ( ഭാഗം ഒന്ന് ) :
ഞങ്ങളുടെ കമ്പനി അതിനെ പറ്റി പറഞ്ഞാല്‍ ഈ നാട്ടില്‍ വളരെ അപൂര്‍വ്വം ആളുകള്‍ക്കേ ഇത് പോലൊരു കമ്പനിയില്‍ ജീവിതം ചെലവിടാന്‍ അവസരം കിട്ടൂ. കാരണം വേറെ ഒന്നും കൊണ്ടല്ല, ഞങ്ങളുടെ സ്പോണ്സര് ഇപ്പൊള്‍ അബ്ദുല്ല രാജാവാണ്. അത് തന്നെ ഒരു ഗമയാണ്. പിന്നെ ഞങ്ങളുടെ താമസസ്ഥലത്ത് കറുപ്പന്മാരെ പേടിക്കെണ്ട, ആരേയും പേടിക്കാതെ കിടന്നുറങ്ങാം. കമ്പനി തന്നെ നിയമിച്ച കാവല്‍ പൊലീസ്കാര് ഉണ്ട്. പിന്നെ ഭക്ഷണം, അത് വളരെ ഹാപ്പിയാണ്. ആഴ്ച്ചയില്‍ മൂന്ന് ദിവസം മട്ടണ്‍, മൂന്ന് ദിവസം ചിക്കന്‍, ഒരു ദിവസം മീന്‍.
ഞാന്‍ വളരെ സങ്കടത്തോടെ ഓര്‍ക്കാറുണ്ട് , എത്രയോ പേര് 200,250 റിയാലിന് മരുഭൂമിയില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍. റൊട്ടിയും ഒട്ടകപാലും മാത്രം കുടിച്ച് വര്‍ഷങ്ങളോളം മരുഭൂമിയില്‍ കഴിച്ച്കൂട്ടുന്നവര്. അവരുടെ സ്പോന്സര്മാരെയൊക്കെ വെടിവെച്ച് കൊല്ലണം. കാരണം മാധ്യമം പത്രത്തില്‍ അടുത്ത ദിവസം ഞാനൊരു വാര്‍ത്ത കണ്ടു, അഞ്ച് വര്‍ഷം മരുഭൂമിയില്‍ കുടുങ്ങിയ ഒരു യുവാവിന്റെ, എത്ര ദയനീയമായിരിക്കും അയാളുടെ അവസ്ഥ......?
ഞങ്ങളുടെ കമ്പനിയില്‍ പത്രം പോലും ഫ്രീയാണ്. ഞങ്ങളുടെ കമ്പനിയുടെ മാനേജര്‍ സധാസമയവും ജാഗ്രതയിലാണ് ഞങ്ങളുടെ കാര്യത്തില്‍. ആഴ്ച്ചയില്‍ ഒരിക്കല്‍ ഡോക്ടര്‍ വരും, കാരണം കമ്പനിയില്‍ ആരും ഒരസുഖവും വന്ന് ചികിത്സ കിട്ടാതെ മരിക്കരുതല്ലോ ? പിന്നെ മനുഷ്യാവകാശം എന്തെല്ലാം പൊല്ലാപ്പാണ്.......
ഞങ്ങളുടെ കമ്പനിയില്‍ ആറായിരത്തോളം ജോലിക്കാറുണ്ട്. അതില്‍ പതിനഞ്ചും ഇരുപതും കൊല്ലത്തെ സര്‍വ്വീസ് ഉള്ളവര്‍ മുതല്‍ ഇന്നലെ ജോയിന്‍ ചെയ്തവര്‍ വരെ ഉണ്ട്. കമ്പനി രാജാവിന്റേതാണെങ്കിലും സൌദി വല്‍ക്കരണം കാരണം കണക്ക് പ്രകാരം സൌദികളെ വെക്കണം എന്ന നിയമം വളരെ കര്ഷനമാണ്, അതിനാല്‍ ധാരാളം സൌദികളും ജോലിക്കുണ്ട്. പിന്നെ അവരുടെ സൌകര്യാര്‍ത്ഥം അവരുടെ താമസം വേറെ ഒരു കെട്ടിടത്തില്‍ ആണെന്ന് മാത്രം. ഞങ്ങള്‍ മലയാളികള്‍ തന്നെ എണ്ണൂറില്‍ അധികമുണ്ട്. അത് കൂടാതെ വേറെ ബ്രാഞ്ചുകളില്‍ വേറേയും , എല്ലാവരും സന്തോഷവാന്മാര് . പിന്നെ എന്താണ് ശമ്പളം ഇത്തിരി കുറവാണ്, എന്നാലും ഉള്ളത് കറക്റ്റ് കിട്ടും. ഒരു ദിവസം പോലും വൈകില്ല. അത് പിന്നെ രാജാവിന്റേതായത് കൊണ്ട് പണത്തിന് പഞ്ചമില്ലല്ലോ?
ഞങ്ങള്‍ മലയാളികള്‍ക്ക് വേണ്ടി മെസ്സ് വേറെ തന്നെയാണ്. നല്ല കേരളീയ സ്റ്റൈല്‍ സാധനങ്ങളെല്ലാം കമ്പനി തന്നെ ഞങ്ങള്‍ക്ക് തരും. ഞങ്ങള്‍ കമ്പനിയില്‍ തന്നെയുള്ള ഒരുത്തനെ പിടിച്ച് പണ്ടാരി ആക്കി . ഞങ്ങളുടെ മെസ്സില്‍ നാല്പത് പേരുണ്ട്. പണ്ടാരി കമ്പനിയില്‍ ജോലിയില്‍ ചേര്‍ന്നിട്ട് നാല് വര്‍ഷമായി , അഗ്രിമെന്റ് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. ജോലി നാട്ടിലുള്ള ട്രാവല്‍ ഏജന്റ് ഏര്‍പ്പാടാക്കി കൊടുത്തതാണ്. അലിയെന്നാണ് അദ്ദേഹത്തിന്റെ പേര്. അളിയന് അയച്ച് കൊടുത്ത ഫ്രീ വിസ സര്‍വ്വീസ് ചെയ്യാന്‍ അടുത്തുള്ള ട്രാവത്സില്‍ പോയതാണ്. അയാള്‍ക്ക് അലിയെ കണ്ടപ്പോള്‍ തന്നെ അങ്ങ് ഇഷ്ട്പ്പെട്ടു. അയാള്‍ പറഞ്ഞു “ ഞാന്‍ എല്ലാവരോടും ഇരുപത്തിയയ്യായിരം രൂപയാണ് സര്‍വ്വീസിനും ടിക്കറ്റിനും കൂടെ വാങ്ങുന്നത്. നീ പുതുതായി പോവുകയല്ലേ.... മാത്രവുമല്ല നീ നമ്മുടെ മതക്കാരനും ആണല്ലോ......അത് കൊണ്ട് നീ പതിനായിരം തന്നാല്‍ മതി .” അലിയുടെ സന്തോഷം പറയാനുണ്ടായിരുന്നില്ല. ഈ കാശില്ലാതോട്ത്ത് ഇങ്ങിനെ ഒരു സഹായം. ഇതാണ് പടച്ചോന്റെ പണി..............................
( തുടരും..... )
ya allah
13 years ago