ഇതും ഒരു നോമ്പ് കാലം..........
വിമാനത്തിന്റെ ഏസിയില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴേ മനസ്സിലായി വെയിലിനെ നോമ്പ് തളര്‍ത്തിയിട്ടില്ലെന്ന്. പക്ഷെ ചിലരുടെയെങ്കിലും മുഖത്ത് ഒരു ക്ഷീണം കാണുന്നുണ്ട്. ഒരുപാട് നേരത്തെ കസ്റ്റംസ് ചെക്കിംഗ് എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ സമയം ഏകദേശം മൂന്ന് മണി ആയിരിക്കും. വെള്ളം വറ്റിയ കണ്ണോട് കൂടി ഒരുപാട് ആളുകള്‍ സ്വീകരിക്കാന്‍ കാത്തു നില്‍പ്പുണ്ട്. അവരുടെ ഇടയിലേക്ക് തുറിച്ച കണ്ണുമായി ഞാന്‍ പരതി നോക്കി. അതിലൊന്നും എന്നെ പരതുന്ന കണ്ണുകള്‍ ഞാന്‍ കണ്ടില്ല. അവരെ പറഞ്ഞിട്ടും കാര്യമില്ല. മൂന്ന് തവണ ടിക്കറ്റ് ഓകെ ആക്കി ക്യാന്‍സല്‍ ചെയ്തതല്ലേ. ലഗ്ഗേജും തള്ളി ഞാന്‍ പുറത്തേക്ക് നടന്നു. അവിടെ കണ്ണിനു കുലിര്‍മ തരുന്നത് കാണാതിരിക്കാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട് മുട്ടുന്ന മകനേയും,ഭര്ത്തവിനേയും പരസ്പരം കെട്ടിപിടിച്ച് പറയാനുള്ളതെല്ലാം ഒരു കണ്ണീരില്‍ ഒതുക്കുന്ന ആ രംഗം ഏത് പ്രവാസിക്കും മനസ്സിന്റെ ഉള്ളില്‍ ഒരു വേദന രൂപപ്പെടുത്തും. നേരെ ടാക്സിയുടെ അടുത്ത് ചെന്ന് നാട്ടിലേക്കുള്ള ചാര്‍ജ് പറഞ്ഞുറപ്പിച്ച് ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. ഡിക്കി തുറന്ന് ഡ്രൈവര്‍ കുറച്ച് അകലേക്ക് മാറി നിന്നു. പെട്ടി ഡിക്കിയില്‍ വെക്കാന്‍ ഒരു കൈ സഹായിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു :"അയ്യോ..... അത് പ്രശ്നമാകും, അത് അവരുടെ പണിയാണ്. നിങ്ങള്‍ക്ക് ഒറ്റക്ക് കയറ്റാമെങ്കില്‍ കയറ്റിക്കോളൂ, പ്രശ്നമില്ല". വിമാനത്തില്‍ വലിയ പെട്ടി കയറ്റാത്തത് കൊണ്ട് ഞാന്‍ കഷ്ടിച്ച് അത് ഡിക്കിയില്‍ കയറ്റി ഇട്ടു. യാത്രക്കിടെ ഡ്രൈവര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. "എനിക്ക് ആ പെട്ടി പിടിച്ചു തരാന്‍ കഴിയാഞ്ഞിട്ടല്ല, എനിക്ക് മൂന്ന് മക്കളാണ്. അവന്മാര് അവിടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല". ഇതെല്ലാം കേട്ട് ഒന്നു കണ്ണടച്ച് തുറന്നപ്പോഴേക്കും വീടിന്റെ ഭാഗത്തേക്ക് തിരിയാനുള്ള വഴിയെത്തിയിരുന്നു. ആ ചെറിയ അങ്ങാടിയിലൂടെ അമ്പാസ്സഡര്‍ കടന്ന് പോകുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പണ്ടൊക്കെ ആ ചെമ്മണ് പാതയിലൂടെ ഒരു കാര്‍ കടന്നു പോയാല്‍ ആവിശേഷം നാട്ടിലുള്ളവര്‍ മൊത്തം അറിയുമായിരുന്നു. ഇന്ന് ജനങ്ങള്‍ക്കതില്‍ അത്ഭുതമില്ല,അവരുടെ കണ്ണുകള്‍ വറ്ഷത്തിലൊരിക്കല് കാണുന്ന അമ്പാസ്സഡറില്നിന്നും മണിക്കൂറില്‍ ചീറിപ്പായുന്ന ആഡംഭര കാറിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ എന്റെ വരവ് അവര്‍ അറിഞ്ഞു കാണാന്‍ സാദ്യതയില്ല. വണ്ടി ഇടവഴിക്കടുത്ത് നിര്‍ത്തി ഞാന്‍ വീട്ടിലേക്ക് നടന്നു. ആ മണ്ണിന്റെ ഗന്ധം കൊണ്ട് തന്നെ ഞാന്‍ ഉന്മേഷവാനായി. ബെല്ല് അടിച്ചപ്പോള്‍ വാതില്‍ തുറന്നത് ചെറിയ പെങ്ങളാണ്. "ഉമ്മാ........കാക്ക........" എന്ന ശബ്ദത്തോടെ അവള് തിരിച്ചോടി. പിന്നെയുള്ള അഞ്ച് നിമിഷം എന്റെ എഴുത്തിനേക്കാളും നിങ്ങള്‍ക്ക് ഊഹിക്കാനാകും. "എന്തേ ഇജ്ജൊന്നും കൊണ്ടോന്നിട്ടില്ലേ........?" എന്ന അയല്‍വാസി താത്തയുടെ ചോദ്യമാണ് ടാക്സിക്കാരനെ ഓര്മ്മയാക്കിയത്. ഞാന്‍ അനിയനേയും കൂട്ടി ടാക്സിക്ക് അടുത്തെത്തി. ഒറ്റക്ക് അവിടെ നിന്നും ഇവ്ടെ വരെ കൊണ്ട് വന്ന പെട്ടി, എന്തോ ഗള്ഫുകാരനായത് കൊണ്ടാകാം പൊന്തുന്നില്ല. ഡ്രൈവറും അനിയനും കൂടി വീട്ടിലെത്തിച്ചു. ശേഷം ഡ്രൈവറെ പൈസയും കൊടുത്ത് പറഞ്ഞ് വിട്ടു. അപ്പോഴേക്കും സമയം അഞ്ചര ആയിരിക്കുന്നു. "മോനേ നോമ്പ് തൊറക്കാന്‍ ഉമ്മ ഒന്നും ഉണ്ടാക്കീട്ടില്ല, ഇന്ന് രണ്ടോട്ത്ത് നോമ്പ് തോറണ്ട്. മോനും ഹാജ്യാരോട്ക്ക് പോരെ, എല്ലാരോടും ചെല്ലാന്‍ പര്‍ഞ്ഞതാണ്". മനസ്സില്ലാ മനസ്സോടെ ഞാനും പോയി. അവിടെ ചെന്നപ്പോള്‍ ഞാന്‍ ആകെ വല്ലാത്തൊരു അവസ്ത്ഥയിലായി. ആരോടൊക്കെയോ സലാം പറഞ്ഞു, അരോടൊക്കെയോ സലാം മടക്കി. ഗള്‍ഫിന്റെ ആദിപത്യം കൊണ്ട് അതൊരു ഫാഷന്‍ ആയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരുപാട് ആളുകളും വാഹാനങ്ങളും തിങ്ങി നിറഞ്ഞ് നില്‍ക്കുന്നുണ്ട്. അങ്ങോട്ട് ഇരുന്നോളൂ എന്നൊരാള്‍ പറഞ്ഞു. എല്ലവരും ഇരിക്കുന്ന കൂട്ടത്തില്‍ ഞാനും ഇരുന്നു. ബാങ്ക് വിളിച്ചു, എല്ലാവരും എഴുന്നേറ്റ് പോകുന്നുണ്ട്. നാടോടുമ്പോള്‍ നടുകേ എന്ന് പറഞ്ഞ പോലെ ഞാനും നടന്നു. ഒരു മൂലയില്‍ ഭക്ഷണങ്ങളും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്, ആവശ്യക്കാരനെടുത്ത് കഴിക്കാന്‍ പാകത്തില്‍. എല്ലാവരും എന്തൊക്കെയോ എടുത്ത് കഴിക്കുന്നു, ഞാനും എന്തൊക്കെയോ എടുത്ത് കഴിച്ചു. തിരിച്ച് മുന്‍ വശത്തേക്ക് വന്നപ്പോള്‍ ആരും ആരേയും കാത്ത് നില്കാതെ പോകുന്നത് കാണുന്നുണ്ട്. ഞാന്‍ ഒരു നിമിഷം ശംഗിച്ച് നിന്ന് ചുറ്റും നോക്കി. പറഞ്ഞിട്ടും പറഞ്ഞിട്ടും യാത്ര ആവാത്ത ടോര്‍ച്ചിന്റെ മൂടും തിരിച്ച് നില് ക്കുന്ന മോല്യേരെയും അവിടെയെങ്ങും കാണുന്നില്ല. എല്ലാ തലേകെട്ട് കാരും ഒരോ ക്വാളിസ്സിലേക്കും ഇന്നോവയിലേക്കും കയറുന്നത് കാണാമായിരുന്നു. ഇതായിരുന്നോ ഞാന്‍ വര്‍ഷങ്ങള്‍ കൊണ്ട് ആഗ്രഹിച്ച് കാത്തിരുന്ന നാട്ടിലെ നോമ്പ് തുറ. ഇതിനേക്കള്‍ എത്രയോ ഭേദമാണ് അങ്ങ് അറബി നാട്ടില്‍ സൌദിയുടെ ഔതാര്യം പോലെ കിട്ടുന്ന മോരും റൊട്ടിയും................ വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചു പോയി. പത്ത് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇതേ ഹാജിയാരുടെ വീട്ടിലെ നോമ്പ് തുറ. അന്ന് കോണ്‍ക്രീറ്റ് മാളികയല്ല, ഹാജിയാര് ഹാജിയാരുമല്ല. അത്തരം നോമ്പ് തുറകള്‍ ഇനിയും അവശേഷിക്കുന്നുണ്ടാകുമെന്ന വിചാരത്തില്‍ ആണല്ലോ ഇത്രയും ആഗ്രഹിച്ച് ഞാന്‍ ഇവിടെ എത്തിയത്.......................